പേരാവൂർ - വിരിപ്പും മുണ്ടകനുമടക്കം മൂന്ന് വിളയെടുത്തിരുന്ന പേരാവൂർ വളയങ്ങാട് വയലിൽ വരൾച്ചയെ തുടർന്ന് വെള്ളം കിട്ടാതെ നെൽകൃഷി നശിക്കുന്നു. പാടങ്ങൾ വിണ്ടുകീറി തുടങ്ങി. സംരക്ഷിക്കാൻ പഞ്ചായത്തോ കൃഷിവകുപ്പോ ശബ്ദമുയർത്താൻ കർഷക സംഘടനകളോ ഇല്ല. അയ്യോ പാടം നികത്തുന്നേ, നെൽകൃഷി നശിക്കുന്നേ എന്നൊക്കെ പറഞ്ഞ വെട്ടിനിരത്താൻ നടക്കുന്ന കർഷക തൊഴിലാളികളേയും കാണാനില്ല. പേരാവൂർ റൈസ് എന്ന പേരിൽ ബ്രാൻഡ് ചെയ്ത അരി ഉൽപാദിപ്പിക്കുന്ന പേരാവൂർ വളയങ്ങാട് പാടശേഖരത്തിൻ്റെ നെൽകൃഷി നാശത്തിലേക്ക് നീങ്ങുമ്പോഴും കൃഷി വകുപ്പ് വായിൽ വാഴയ്ക്കയും തള്ളിയിരിപ്പാണ്. കൃഷി അസിസ്റ്റർഡ് ഡയറക്ടറുടെ ഓഫിസിൽ നിന്ന് വെറും ഒരു കിലോമീറ്റർ മാത്രം അകലെ യുള്ള പാടശേഖരം പോലും സംരക്ഷിക്കാൻ കഴിയാത്ത കൃഷി വകുപ്പ് ഒക്കെ എന്തിന്?വളയങ്ങാട് പാടത്ത് വെള്ളം ഇല്ലാതായിട്ട് പത്ത് ദിവസത്തിൽ അധികമായി. സമീപത്തുള്ള സ്വകാര്യ വ്യക്‌തിയും കുളത്തിൽ നിന്ന് വെള്ളം ലഭ്യമാക്കാൻ ശ്രമം നടത്തിയെങ്കിലും മോട്ടർ പ്രവർത്തിക്കാതെ വന്നതോടെ ആ ശ്രമവും പരാജയപ്പെട്ടു. പാടശേഖരത്തിന് വേണ്ടി നിർമിച്ച കുളത്തിലെ വെള്ളം പരമാവധി ലഭിക്കുക അഞ്ച് മണിക്കൂർ നേരത്തേക്ക് മാത്രമാണ്. അതാകട്ടെ ഒരേക്കർ പാടം നനയ്ക്കാൻ തികയില്ല. വളയങ്ങാട് തോട്ടിലെ വെള്ളമായിരുന്നു ആശ്രയം. എന്നാൽ കാലാവസ്‌ഥ വ്യതിയാനത്തെ തുടർന്ന് ചൂട് വർധിക്കുകയും തോട് ഇത്തവണ നേരത്തെ തന്നെ വറ്റി വരളുകയും ചെയ്‌തു. മാർച്ച് മാസത്തിൽ കൊയ്ത്ത് നടത്തേണ്ട പാടശേഖരമാണ് കരിഞ്ഞുണങ്ങി തുടങ്ങിയിട്ടുള്ളത്. ആകെ 24 ഏക്കർ പാടമാണ് പേരാവൂർ പഞ്ചായത്തിലെ മണത്തണയ്ക്ക് സമീപമുള്ള വളയങ്ങാട് പാടശേഖരത്തിനുള്ളത്. ഇതിൽ 18 ഏക്കറിൽ മാത്രമാണ് ഇത്തവണ നെൽകൃഷി നടത്തിയത്. 25 സെന്റ് മുതൽ ഒരേക്കർ വരെ നെൽകൃഷിയുള്ള 24 കർഷകരാണ് ഇത്തവണ നെല്ല് വിതച്ചത്. 85 ദിവസം പിന്നിടുമ്പോൾ ആണ് ജലസേചനം മുടങ്ങിയത്. 120 ദിവസം പാകമായി മാർച്ച് മാസത്തിൽ കൊയ്തെടുക്കേണ്ട പാടങ്ങളാണ് ഉണങ്ങി തുടങ്ങിയിട്ടുള്ളത്. പുതിയ ഒരു മോട്ടർ കിട്ടിയാൽ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് പാടശേഖര സമിതി പേരാവൂർ പഞ്ചായത്തിനെ അറിയിച്ചിരുന്നു. എന്നാൽ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് കർഷകർ പറയുന്നത്. പേരാവൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഏറ്റവും വലിയ പാടശേഖരമാണിത്. സെന്ററിന് ഒരു രൂപ വീതം നൽകി വിള ഇൻഷ്വർ ചെയ്യാറുണ്ടെങ്കിലും വളരെ കുറച്ച് അവസരങ്ങളിൽ നാമമാത്രമായ തുക മാത്രമാണ് ലഭിച്ചത്. സിവിൽ സപ്ലൈസിന് 30 രൂപ നിരക്കിൽ നെല്ല് വിൽക്കുന്ന കർഷകരും സ്വന്തമായി പുഴുങ്ങിയുണങ്ങി കുത്തി അരിയാക്കി വിൽക്കുന്ന കർഷകരുമുണ്ട്. പേരാവൂർ റൈസ് എന്ന പേരിൽ ബ്രാൻഡ് ചെയ്തും അരി വിൽപന നടത്തിയിരുന്നു. മിനി മില്ലും കൊയ്ത്ത് മിഷ്യനും ട്രാക്ടറും പവർ ടില്ലറും മെതിയന്ത്രവും ഒക്കെ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ സൗകര്യങ്ങളിലൂടെ ലഭ്യമാണെങ്കിലും മഴക്കാലത്തും വേനൽക്കാലത്തും കൃഷി നാശം പതിവായതോടെ പലതും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പലതും കേടായ കിടക്കുന്നു. അറ്റകുറ്റപണി നടത്തിയാലും ഉപയോഗിക്കാൻ പറ്റാതെ വരുന്ന കാര്യമോർത്ത് അതിനും ശ്രമിക്കാൻ സാധിക്കുന്നില്ല. ഇൻഷ്വർ ചെയ്യാറുണ്ടെങ്കിലും കൃഷി നശിച്ചാൽ തുക കിട്ടാറില്ല. ഏതാനും തവണ കിട്ടിയപ്പോൾ ആകട്ടെ നക്കാപ്പിച്ച തുകയുമാണ് ലഭിച്ചത്. ചിലപ്പോൾ വിത്തുകൾ കിട്ടാറുണ്ട്. പാതി വിലയ്ക്ക് ചിലപ്പോൾകുമ്മായമോ രാസവളമോ ലഭിക്കാറുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നെൽകൃഷിക്ക് വലിയ തുക തന്നെ സർക്കാരുകൾ കർഷകർക്ക് വേണ്ടി നൽകുമ്പോൾ ആണ് കേരളത്തിൽ ഈ നക്കാപ്പിച്ച കർഷക സഹായ പദ്ധതിയൊക്കെ നടത്തി നമ്പർ വൺ ആക്കി പറഞ്ഞ് ഇവിടെയുള്ള സർക്കാർ നടക്കുന്നത്. ഒരേക്കർ കൃഷി ചെയ്യാൻ 35000 രൂപ ചെലവ് വരും എന്നതിനാലും കൃഷി നാശം സംഭവിക്കുന്നതിനാലും ഓരോ വർഷവും ചെല്ലും തോറും കർഷകർ നെല്ല് കൃഷി ഉപേക്ഷിക്കുന്ന പ്രവണത കാണിക്കുകയാണ്. മൂന്ന് വിള കിട്ടിയിരുന്ന സ്‌ഥാനത്ത് ഇപ്പോൾ രണ്ട് വിളയാണ് കിട്ടുന്നത്. മഴക്കാലത്ത് വെള്ളം കയറിയും വേനൽ കാലത്ത് വെള്ളം കിട്ടാതെയും കൃഷി നശിക്കുന്നതിനാൽ നെൽ കൃഷി ഉപേക്ഷിക്കുകയല്ലാതെ വഴിയില്ലെന്ന് കർഷകർ പറഞ്ഞു. ആദായകരമായി നെൽകൃഷി നടത്താനുള്ള സാഹചര്യം ഇല്ലാതിയിരിക്കുന്നു. കൂലി ക്രമാതീതമായി വർധിച്ചതും തിരിച്ചടിയാണ്. 1985 ലാണ് പാടശേഖര സമിതി കൃഷി ആരംഭിച്ചത്. 20 വർഷം മുൻപ് തന്നെ വെള്ള ക്ഷാമത്തെ നേരിടാൻ 15 ലക്ഷം രൂപ ചിലവിൽ ഒരു പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചിരുന്നു. കാഞ്ഞിരപുഴയിൽ തടയണ നിർമിക്കാനും മോട്ടറും ടാങ്കും അടങ്ങുന്ന ജലസേചന പദ്ധതി നടപ്പിലാക്കാനും ആയിരുന്നു ശ്രമം. പൈപ്പ് ലൈനും സ്ഥഥാപിച്ചതാണ്. എന്നാൽ ഉദ്ഘാടനം പോലും നടത്തും മുൻപ് പദ്ധതിക്കായി സ്ഥാപിച്ച സംവിധാനങ്ങളെല്ലാം മഴക്കാലത്ത് നശിച്ചു. പദ്ധതി പുനരുജ്ജീവിപ്പിക്കാൻ നടപടി ഉണ്ടായില്ല. അതിനാൽ തന്നെ ജലസേചനം പ്രതിസന്ധിയിലാണ്. ജലസേചനം പ്രതിസന്ധിക്ക് പരിഹാരം കാണാതെ ഇനി നെൽകൃഷിയുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് കർഷകർ പറയുന്നു. സമീപത്തെ കുളങ്ങളിൽ നിന്ന് പൈപ്പിലൂടെ വെള്ളം എത്തിച്ച നനയ്ക്കാൻ ശ്രമിച്ചെങ്കിലും വയലും കർഷകൻ്റെ വയറും വിണ്ടു കീറി തുടങ്ങിയ സാഹചര്യത്തിൽ ആ ശ്രമവും നടപ്പിലാകുന്നില്ല.
Drought is devouring the fields of Valayangad. The rice planted and watered along with the native song is perishing




















